വെടിക്കെട്ട് അപകടം…. ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

തൃശ്ശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് നിർണ്ണായക നിരീക്ഷണവുമായി പെസോ (Petroleum and Explosives Safety Organization). നിലവിലെ കടുത്ത ചൂട് കാരണം സ്ഫോടകവസ്തുക്കൾ സ്വയം പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണെന്ന് സംഭവസ്ഥലം സന്ദർശിച്ച പെസോ ഉദ്യോഗസ്ഥർ വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ അപകടമുണ്ടായതെന്ന് പരിശോധിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട് മുതലമടയിലെ പടക്കനിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. കോട്ടയം സ്വദേശി ബിനോയ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ നിന്ന് തൊഴിലാളികളെ മാറ്റിയ ശേഷം ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലം സീൽ ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇവിടേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു.
വെടിക്കെട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഇന്നും പാലിക്കപ്പെടുന്നില്ലെന്ന് പുറ്റിങ്ങൽ അപകടം അന്വേഷിച്ച കമ്മീഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ വിമർശിച്ചു. “വെടിക്കെട്ട് ഒരു ആചാരമല്ല, ആഘോഷം മാത്രമാണ്. അതുകൊണ്ട് തന്നെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അത് വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല. ശബ്ദത്തിനും വീര്യത്തിനും പകരം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് വെടിക്കെട്ടുകൾ മാറണം,” അദ്ദേഹം ഓർമ്മിപ്പിച്ചു. തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർമ്മാണശാലകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത് വെടിക്കെട്ടിന്റെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്ക പൂരപ്രേമികൾക്കിടയിലുണ്ട്. എന്നാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.



