കാറിനുള്ളിൽ രഹസ്യ അറ… 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ…

കൊച്ചി: പരിശോധനകൾ വെട്ടിച്ച് ഒഡീഷയിൽ നിന്ന് കോട്ടയത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിലായി. കാസർകോട് ഉളിയത്തടുക്ക സ്വദേശി ഹനീഫ് (38) ആണ് എറണാകുളം റൂറൽ ഡാൻസാഫ് സംഘത്തിന്‍റെയും അങ്കമാലി പൊലീസിന്‍റെയും പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് അങ്കമാലി ടി.ബി. ജംഗ്ഷനിൽ വെച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
കാറിന്‍റെ പിൻസീറ്റിന് പിന്നിൽ വിദഗ്ധമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിൽ 31 പാക്കറ്റുകളിലായാണ് 62 കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഈ വർഷം എറണാകുളം റൂറൽ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒഡീഷയിൽ പോയി അവിടെ നിന്നുള്ള ലഹരി വില്പന സംഘത്തിൽ നിന്നും കഞ്ചാവ് വാങ്ങി വരികയായിരുന്നു പ്രതി. പരിശോധനകൾ ഒഴിവാക്കാൻ ഊട് വഴികളിലൂടെയായിരുന്നു യാത്ര. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.



