അമ്മപ്പൂച്ചയും മക്കളും ‘പുലികളായി’…. വീട്ടുമുറ്റത്തെ എട്ട് അണലിക്കുഞ്ഞുങ്ങളെ വേട്ടയാടി പൂച്ചപ്പട

ആറ്റിങ്ങൽ: കാവൽ നിൽക്കാൻ നായ്ക്കൾ വേണമെന്ന ചിന്ത തിരുത്തി ആറ്റിങ്ങലിലെ ഒരു അമ്മപ്പൂച്ചയും മക്കളും. വീട്ടുമുറ്റത്തെത്തിയ എട്ട് അണലിക്കുഞ്ഞുങ്ങളെയാണ് നിമിഷങ്ങൾക്കുള്ളിൽ ഈ പൂച്ചപ്പട വേട്ടയാടിയത്. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് നിഷയുടെ വീട്ടിലാണ് നാടിനെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. വീടിന് സമീപമുള്ള കാടുപിടിച്ച പുരയിടത്തിൽ നിന്നും പാമ്പിന്റെ തലയിൽ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് വരുന്ന അമ്മപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. ഇതിന് പിന്നാലെ നിഷയുടെ രണ്ട് കുട്ടിപ്പൂച്ചകളും പാമ്പുകളുമായി മുറ്റത്തെത്തി. ഒരു മണിക്കൂറിനുള്ളിൽ എട്ട് അണലിക്കുഞ്ഞുങ്ങളെയാണ് പൂച്ചകൾ പിടികൂടിയത്. അമ്മപ്പൂച്ച വീണ്ടും പാമ്പുകളെ പിടിക്കാൻ പോകുന്നത് കണ്ടതോടെയാണ് നിഷ പാമ്പുപിടുത്തക്കാരനായ രാജേഷ് തിരുവാമനയെ വിവരമറിയിച്ചത്. അരമണിക്കൂറിനുള്ളിൽ രാജേഷ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകൾ നാല് പാമ്പുകളെക്കൂടി പിടികൂടിയിരുന്നു. പൂച്ചകൾ പിടിച്ച എട്ട് പാമ്പുകളും ചത്തുപോയി. തുടർന്ന് രാജേഷ് നടത്തിയ തിരച്ചിലിൽ പുരയിടത്തിൽ അവശേഷിച്ച മൂന്ന് പാമ്പിൻ കുഞ്ഞുങ്ങളെക്കൂടി ജീവനോടെ പിടികൂടി. അണലിക്കൂട്ടം വീടിന് സമീപം തമ്പടിച്ചിരുന്നു എന്ന തിരിച്ചറിവ് കുടുംബത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വലിയൊരു അപകടത്തിൽ നിന്നും തങ്ങളെ രക്ഷിച്ച പൂച്ചകൾ ഇപ്പോൾ നിഷയുടെയും കുടുംബത്തിന്റെയും കൺകണ്ട ദൈവങ്ങളാണ്. ഈ വിരുതൻ പൂച്ചകളുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് ഇവരെ കാണാൻ എത്തുന്നത്. അണലിക്കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ച ഈ നാടൻ പൂച്ചകൾ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്.

Related Articles

Back to top button