സ്‌ട്രോങ്ങ് റൂമിനടുത്ത് എന്തിനാണ് മെറ്റീരിയൽ റൂം?…. അട്ടിമറിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു; തുറന്നടിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: നെന്മാറ സ്ട്രോങ്ങ് റൂം വിവാദത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോലും ആരും പോകാൻ പാടില്ലെന്നിരിക്കെ, എന്തിനാണ് മെറ്റീരിയൽസ് സൂക്ഷിച്ച മുറി അതിനടുത്ത് സജ്ജീകരിച്ചതെന്ന് മുരളീധരൻ ചോദിച്ചു. ജനവിധി അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ഇക്കാര്യത്തിൽ പാർട്ടി ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിധി അട്ടിമറിക്കാൻ മത്സരിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. “കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വോട്ടിംഗ് ശതമാനത്തിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. വട്ടിയൂർക്കാവിലെ ശതമാനം പോലും എനിക്കറിയില്ല. പ്രിസൈഡിങ് ഓഫീസർ ഡയറി മറന്നുവെച്ചതിൽ വലിയ ദുരൂഹതയുണ്ട്. ഇത് ആരുടെയും കുടുംബവകയല്ല,” അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും, പി.വി. അൻവറിന്റെ പ്രസ്താവന സിപിഐഎമ്മിന്റെ മുൻകൂട്ടിയുള്ള ഭയമാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് ഇനി തങ്ങളുടെ പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവിലെ സംഘർഷങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിനെതിരെയും മുരളീധരൻ ആഞ്ഞടിച്ചു. താൻ എട്ടു വർഷം എംഎൽഎ ആയിരുന്നപ്പോൾ അവിടെ സംഘർഷങ്ങളില്ലായിരുന്നുവെന്നും ഈ അടുത്ത കാലത്താണ് അവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ സംഘർഷങ്ങളിൽ സിപിഐഎമ്മിന് പങ്കുണ്ടെന്നും തന്റെ വാഹനം തടഞ്ഞു നിർത്തിയാണ് പ്രശാന്ത് പ്രസംഗിച്ചതെന്നും പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യുന്നത് വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് മുരളീധരൻ പറഞ്ഞു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. മെയ് നാലാം തീയതി യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും സ്വർണ്ണം കട്ട ഒരാളെ പോലും രക്ഷപ്പെടാൻ അനുവദിക്കാതെ ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button