ചെളിവെള്ളം തെറിച്ചതിന് മർദ്ദനം… യുവാവിന്റെ കൈ തല്ലിയൊടിച്ചു…. എം.പി യൂസഫ് പത്താന്റെ ബന്ധുക്കൾ മുംബൈയിൽ പിടിയിൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താന്റെ ഭാര്യാപിതാവും ഭാര്യാസഹോദരനും അറസ്റ്റിൽ. കാർ യാത്രക്കാരനായ യുവാവിനെ മർദ്ദിക്കുകയും ബന്ധുവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലാണ് ഇവരെ മുംബൈയിലെ ബൈക്കുള പോലീസ് അറസ്റ്റ് ചെയ്തത്. യൂസഫ് പത്താന്റെ ഭാര്യാപിതാവ് ഖാലിദ് ഖാൻ, ഭാര്യാസഹോദരൻ ഷോയിബ് ഖാൻ എന്നിവരുൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ യൂസഫ് ഖാൻ (30) കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം റോഡിലെ കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ഷോയിബ് ഖാന്റെ ദേഹത്തേക്ക് വെള്ളം തെറിക്കുകയും ചെയ്തു. ഉടൻ തന്നെ വാഹനം നിർത്തി യൂസഫ് ഖാൻ ക്ഷമാപണം നടത്തിയെങ്കിലും ഷോയിബ് ഖാൻ അക്രമാസക്തനാവുകയായിരുന്നു. മുളവടികൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും യൂസഫിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
ആദ്യഘട്ട ആക്രമണത്തിന് ശേഷം വീട്ടിലെത്തിയ യൂസഫ് ഖാൻ കുടുംബാംഗങ്ങളുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഭാര്യാപിതാവ് ഖാലിദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞത്. വഴിയിൽ വെച്ച് വീണ്ടും തർക്കമുണ്ടാവുകയും മുളവടികളും ബേസ്ബോൾ ബാറ്റും ഉപയോഗിച്ച് സംഘം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ യൂസഫ് ഖാന്റെ സഹോദരീഭർത്താവ് സൽമാന്റെ കൈ ഒടിഞ്ഞു.
സംഭവത്തിൽ വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ മെയ് 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പശ്ചിമ ബംഗാളിലെ ബഹറാംപൂരിൽ നിന്നുള്ള എം.പിയാണ് നിലവിൽ യൂസഫ് പത്താൻ. സംഭവത്തിൽ എം.പിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.



