പ്രതികളെന്ന് തെറ്റിദ്ധരിച്ചു… വിദ്യാർത്ഥികളുടെ ബൈക്ക് ഇടിച്ചിട്ട് പോലീസ്… ആലപ്പുഴയിൽ പോലീസിനെതിരെ ഗുരുതര ആരോപണം

ആലപ്പുഴയിൽ പ്രതികളെന്ന് തെറ്റിദ്ധരിച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് പോലീസ് ഇടിച്ചിട്ടു. അപകടത്തിൽ വണ്ടാനം സ്വദേശികളായ ആഷിഖ്, ഷിനാസ് എന്നിവർക്ക് പരിക്കേറ്റു. പോലീസുകാർ തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. എന്നാൽ ആരോപണം നിഷേധിച്ച പോലീസ്, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.

ശനിയാഴ്ച രാത്രി തോട്ടപ്പള്ളിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഐസ്ക്രീം സ്റ്റാളിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആഷിഖും ഷിനാസും. ഈ സമയത്ത് പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്ന അമ്പലപ്പുഴ പോലീസ് സംഘം വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചു. എന്നാൽ ബൈക്ക് നിർത്താതെ പോയതോടെ പോലീസ് പിന്തുടർന്ന് ഇടിച്ചിടുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. താഴെ വീണ തങ്ങളെ പോലീസ് സംഘം മർദ്ദിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ അമ്പലപ്പുഴ പോലീസ് പൂർണ്ണമായും തള്ളി. വിഷുദിനത്തിൽ ഒരു യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികളെ തിരയുകയായിരുന്നു പോലീസ്. വിദ്യാർത്ഥികളുടെ ബൈക്കിന് പ്രതികളുടേതുമായി സാമ്യം തോന്നിയതാണ് സംശയത്തിന് കാരണമായത്.

കൈകാണിച്ചിട്ടും നിർത്താതെ പോയത് സംശയം വർദ്ധിപ്പിച്ചെന്നും, ബൈക്ക് ഇടിച്ചിട്ടിട്ടില്ലെന്നും അമ്പലപ്പുഴ ഡിവൈഎസ്പി കെ. രാജേഷ് വ്യക്തമാക്കി. ഇതിന് തെളിവായി 5 മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. എന്നാൽ പോലീസ് വീഡിയോ പകർത്തുന്നതിന് മുൻപ് തന്നെ തങ്ങളെ മർദ്ദിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികൾ ഉറച്ചുപറയുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ അതോ മനഃപൂർവ്വം വാഹനം നിർത്താതെ പോയതാണോ എന്ന കാര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button