എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടയിൽ താഴെ ഭാഗത്ത് ചുരുണ്ടുകിടന്നത്.. പണം പിൻവലിക്കാൻ എത്തിയവർ പേടിച്ചോടി

ആലുവ പറവൂർ കവലയിലെ എസ്ബിഐ എടിഎം കൗണ്ടറിൽ അപ്രതീക്ഷിതമായി മൂർഖൻ പാമ്പ് കയറിക്കൂടിയ സംഭവം ആളുകളെ ഭീതിയിലാഴ്ത്തി. ദേശീയപാതയ്ക്കരികിലെ ഈ എടിഎം കൗണ്ടറിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
പണം പിൻവലിക്കാൻ എത്തിയ ഒരാളാണ് ആദ്യം പാമ്പിനെ കണ്ടത്. എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടയിൽ, മെഷീനിന്റെ താഴെ ഭാഗത്ത് ചുരുണ്ടുകിടക്കുന്ന പാമ്പിനെ കണ്ടതോടെ ഇയാൾ ഭയന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഉടൻ തന്നെ സമീപവാസികളെയും കടക്കാരെയും വിവരം അറിയിച്ചു.
സംഭവം അറിഞ്ഞ് എത്തിയ സമീപത്തെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും തുടർന്ന് നിയമപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെ ആ നീക്കം ഒഴിവാക്കി. എടിഎം കൗണ്ടറിലെ ക്യാമറ ദൃശ്യങ്ങളും തെളിവാകുമെന്ന് അവർ പറഞ്ഞു. പോലീസിനെ വിവരം അറിയിച്ചെങ്കിലും ഉടൻ പരിഹാരം കണ്ടെത്താനായില്ല.
ഇതിനിടെ, എടിഎം സേവനം ഏകദേശം രണ്ട് മണിക്കൂറോളം പൂർണമായും നിലച്ചു. പണം പിൻവലിക്കാൻ എത്തിയ നിരവധി പേർ നിരാശരായി മടങ്ങേണ്ടിവന്നു. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം കൗണ്ടറിൽ നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് മറഞ്ഞതോടെ ഭീതിക്ക് അറുതി വന്നു.



