സിപിഎം നേതാവും കേരഫെഡ് മുൻ ചെയർമാനുമായ വി.പി. ശശീന്ദ്രൻ അന്തരിച്ചു… വിടവാങ്ങിയത് പെരുമ്പാവൂരിലെ പാർട്ടി കരുത്തൻ

കൊച്ചി: സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരഫെഡ് മുൻ ചെയർമാനുമായ അശമന്നൂർ മേതല വൈക്കത്ത് വീട്ടിൽ വി.പി. ശശീന്ദ്രൻ (76) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പെരുമ്പാവൂരിലും എറണാകുളം ജില്ലയിലും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.
വി.പി. ശശീന്ദ്രൻ ദീർഘകാലം സഹകരണ-രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന പദവികൾ സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, നിലവിൽ ഓടത്താലി ലോക്കൽ കമ്മിറ്റി അംഗംമായിരുന്നു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയൽ എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം. കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ നേതാവായിരുന്നു അദ്ദേഹം. തടവറയ്ക്കുള്ളിലും പാർട്ടി ആദർശങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം പി.ആർ. ശിവൻ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റായും പ്രവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ശശീന്ദ്രൻ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.




