‘ജാതി അധിക്ഷേപം നടന്നിട്ടുണ്ട്…. മരണം ലോൺ ആപ്പിൽ ഒതുക്കുന്നത് ശരിയായ രീതിയല്ല’… നിതിന്റെ സഹോദരി ഭർത്താവ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരണം ലോൺ ആപ്പ് ഭീഷണിയെത്തുടർന്നാണെന്ന കോളജിന്റെ വിശദീകരണം കേസ് അട്ടിമറിക്കാനാണെന്ന് നിതിന്റെ സഹോദരി ഭർത്താവ് അശോകൻ ആരോപിച്ചു. ജാതി അധിക്ഷേപമാണ് മരണത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വേണ്ടി നിതിൻ ലോണെടുത്തു എന്ന വാദം തെറ്റാണെന്ന് അശോകൻ പറഞ്ഞു. കേസ് ലോൺ ആപ്പിൽ ഒതുക്കി തീർക്കാനാണ് പൊലീസും മാനേജ്‌മെന്റും ശ്രമിക്കുന്നത്. കോളജിൽ നിതിൻ ജാതി അധിക്ഷേപത്തിന് ഇരയായിരുന്നു. താൻ പരാതി നൽകിയിട്ടുണ്ടെന്ന് നിതിൻ സഹോദരിമാരെ വിളിച്ചു പറഞ്ഞിരുന്നു. ‘റാം’ എന്ന അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലല്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

നേരത്തെ, നിതിന്റെ മരണത്തിൽ കോളജിന് പങ്കില്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ് കുറിപ്പ് ഇറക്കിയിരുന്നു. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇവരുടെ വാദം. ഒരു അധ്യാപികയുടെ ഫോൺ നമ്പർ നിതിൻ ലോൺ ആപ്പിന് റഫറൻസായി നൽകിയെന്നും, ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് അധ്യാപിക പറഞ്ഞതിലെ ഭയമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കോളജിന്റെ വാദം. ജാതി അധിക്ഷേപം എന്ന ആരോപണം മാനേജ്‌മെന്റ് നിഷേധിച്ചു.

Related Articles

Back to top button