തലയണക്കീഴിൽ ‘മരണം’ ഒളിച്ചിരുന്നു…. ഉറക്കത്തിൽ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം… സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ചു. എട്ടു വയസ്സുകാരൻ മരിച്ചു, പത്തു വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൾ ജോ ആണ് മരിച്ചത്. മൂത്ത മകൻ അനോഷ് (10) അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ കണ്ടപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. എന്നാൽ പുലർച്ചയോടെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിലായിരുന്നു പാമ്പ് ഒളിച്ചിരുന്നത്. അതീവ മാരകമായ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. പാമ്പിനെ പിന്നീട് തല്ലിക്കൊന്നു. മരിച്ച ആൾ ജോയുടെ ദേഹത്ത് പാമ്പ് കടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള അനോഷ് ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
(ശ്രദ്ധിക്കുക: വെള്ളിക്കെട്ടൻ പാമ്പുകൾ കടിക്കുന്നത് പലപ്പോഴും ഉറക്കത്തിലായിരിക്കും. ഇവയുടെ കടി ഏറ്റാൽ വലിയ വേദന അനുഭവപ്പെടാത്തതിനാൽ പലരും തിരിച്ചറിയാറില്ല. വയറുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെടുമ്പോൾ ഭക്ഷ്യവിഷബാധയാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കുക.)



