ചൂട് സഹിക്കാനാവാതെ മുറ്റത്ത് കിടന്ന യുവതിയെ മർദ്ദിച്ച് ഭർത്താവ്, തടയാനെത്തിയ മകളെയും ഉപദ്രവിച്ചു; സംഭവം അമ്പലപ്പുഴയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ആക്രമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ട്. അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോൻക്കെതിരെയാണ് ഭാര്യ നിഷാമോൾ (39)യും 16 വയസ്സുകാരിയായ മകൾ നന്ദയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.
ഏപ്രിൽ 15-ന് രാത്രി ഏകദേശം 10:30നും 11നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. കഠിനമായ ചൂട് സഹിക്കാനാവാതെ നിഷാമോൾ വീടിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി മുറ്റത്ത് തുണി വിരിച്ച് കിടന്നത് പ്രതിയെ പ്രകോപിപ്പിച്ചതായാണ് ആരോപണം.
”ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്” എന്ന് ചോദിച്ച് സിബിമോൻ ആക്രമണം ആരംഭിച്ചതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് നിഷാമോളുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് കൈവീശി അടിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച മകൾ നന്ദയെയും പ്രതി അസഭ്യവാക്കുകൾ പറഞ്ഞ് ആക്രമിച്ചതായും നിരവധി തവണ കൈകൊണ്ട് അടിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
നിഷാമോളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 296(b), 115(2) എന്നിവയും, പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ചതിനായി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75-വും ചേർത്ത് കേസെടുത്തിട്ടുണ്ട്.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നവാസ് എച്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
