വാൽപ്പാറ വാഹനാപകടത്തിൽ അനാഥമായത് ഒരു സ്കൂളും; പാങ്ങ് സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം

വാൽപ്പാറ വാഹനാപകടത്തിൽ ഒൻപത് കുടുംബങ്ങൾക്കൊപ്പം അനാഥമായത് ഒരു സ്കൂളും. പാങ്ങ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്. മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രമാണ് ഇനി അവിടെ അവശേഷിക്കുന്നത്. പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി. അധ്യാപിക ഹസ്‌നത്ത്, എൽ.കെ.ജി. അധ്യാപികമാരായ റസീനയും യശോദയും മാത്രമാണ് ഇനിയുള്ളത്.

അധ്യാപകസംഘത്തിന്റെ വിനോദയാത്രയെക്കുറിച്ച് അറിയുന്നത് അവരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിലൂടെയായിരുന്നുവെന്ന് സ്കൂൾ എം.ടി.എ. പ്രസിഡന്റ് പ്രസീജ വ്യക്തമാക്കി. അധ്യാപികയായ ആശ തന്റെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അജുവിനെ എല്ലാ യാത്രകളിലും കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ അജു കൂടെയില്ലായിരുന്നു. അതിനാൽ അജു അപകടത്തിൽപെട്ടില്ല. എന്നാൽ, അവന് അമ്മയെ നഷ്ടമായി.

അപകടസമയത്ത് വാഹനത്തിൽ 13 പേരാണുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു. മുൻപ് 16 പേരാണെന്നായിരുന്നു പ്രാഥമിക വിവരം, എന്നാൽ ട്രാവൽ ഏജൻസിയുടെ രേഖകൾ പരിശോധിച്ചശേഷമാണ് കൃത്യമായ എണ്ണം വ്യക്തമായത്. തമിഴ്‌നാട് പോലീസ്, സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് വകുപ്പ് എന്നിവ സംയുക്തമായി അതിവേഗ രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മലപ്പുറം പോലീസുമായും തുടർച്ചയായി ആശയവിനിമയം നടത്തി. കേരള സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്.

ഇന്നലെ വൈകുന്നേരം 5.20ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാഹനം പലവട്ടം മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലേക്ക് വീണ് ഒൻപതാം വളവിന് സമീപം പതിക്കുകയായിരുന്നു.

പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് വാനിലായിരുന്നു ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്തത്. ഇവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

Related Articles

Back to top button