മുസ്ലീം ലീഗ് വനിത നേതാവിനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത; ‘ലേറ്റസ്റ്റ്’ എഡിറ്ററുടെ അപ്പീൽ തള്ളി സുപ്രീംകോടതി, പിഴയും ശിക്ഷയും

കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സണെതിരെ വ്യാജവാർത്ത നൽകിയ കേസിൽ ലേറ്റസ്റ്റ് സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് ഹൈകോടതി വിധിച്ച ശിക്ഷ സൂപ്രീം കോടതി ശരിവെച്ചു. 2013 ഇൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത നൽകിയെന്ന കേസിൽ 2019 ഇൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ അരവിന്ദന് നൽകിയ അപ്പീൽ കാസർഗോഡ് അഡിഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈകോടതിയും തള്ളിയിരുന്നു.ശിക്ഷ ശരിവെച്ച ഹൈകോടതി വിധിക്കെതിരെ അരവിന്ദൻ സമർപ്പിച്ച അപ്പീലീൽ പിഴത്തുക കെട്ടിവെക്കാൻ നൽകിയ നിർദ്ദേശം പാലിക്കാൻ രണ്ടുതവണയിലധികം അരവിന്ദൻ തയ്യാറാക്കാത്തതിനെ തുടർന്നാണ് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ലേറ്റസ്റ്റ് എഡിറ്ററുടെ ഹർജി തള്ളിയത്. നിലവിലെ ശിക്ഷക്ക് ശേഷവും തനിക്കെതിരെ ലേറ്റസ്റ്റ് പത്രത്തിൽ അശ്ലീലചുവയുള്ള വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ഹസീനയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.



