പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ഇല്ല; ഇന്ത്യൻ സ്ത്രീകൾക്ക് നീതി നൽകാൻ അദ്ദേഹം തിരക്കുകൂട്ടുകയാണെന്ന് കങ്കണ റണാവത്ത്

ലോക്സഭയിലെ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി എംപി കങ്കണ റണാവത്ത്. പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ഇല്ലെന്നാണ് രാജ്യത്തെ പെൺമക്കൾ വിശ്വസിക്കുന്നതെന്ന് കങ്കണ പറഞ്ഞു. മണ്ഡല പുനനർനിർണയത്തെയും കങ്കണ പിന്തുണച്ചു. അത് ഭരണഘടനാപരമായ ആവശ്യകതയാണെന്നും അവർ പ്രതികരിച്ചു.

ഇന്ത്യയിലെ പെൺകുട്ടികൾ ഇന്ന് വിശ്വസിക്കുന്നത് പ്രധാനമന്ത്രിയെക്കാൾ വലിയ ഫെമിനിസ്റ്റ് ആരും തന്നെ ഇല്ലെന്നാണ്. ഫെമിനിസത്തിന്റെ ഒരേയൊരു പതാക വാഹകനാണ് പ്രധാനമന്ത്രി. ഈ രാജ്യത്തെ പെൺമക്കൾ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.”- കങ്കണ പാർലമെന്റിൽ പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീകളിൽ അദ്ദേഹം അർപ്പിച്ച വിശ്വാസത്തിന് തങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ സംവരണ ബില്ലുൾപ്പെടെ ചർച്ച ചെയ്ത പ്രത്യേക സമ്മേളനത്തിനിടെയാണ് കങ്കണ ലോക്സഭയെ അഭിസംബോധന ചെയ്തത്. അതേസമയം മണ്ഡല പുനർനിർണയത്തെ കങ്കണ പിന്തുണയ്ക്കുകയും ചെയ്തു. മണ്ഡല പുനനർനിർണയത്തെ ഭരണഘടനാപരമായ ആവശ്യകതയെന്ന് വിശേഷിപ്പിച്ച കങ്കണ ഡീലിമിറ്റേഷൻ പ്രക്രിയ പ്രധാനപ്പെട്ടതും അനിവാര്യമായതുമാണെന്നും കൂട്ടിച്ചേർത്തു.

രാഷ്ട്രീയമെന്നത് സാമൂഹികമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാകണമെന്ന് കങ്കണ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി പെൺ ഭ്രൂണഹത്യക്കെതിരെ നിലപാടെടുത്തെന്നും വിഷയത്തിൽ അവബോധം വളർത്തുന്നതിനായി നിരന്തരം വാദിച്ചുകൊണ്ടിരുന്നതായും കങ്കണ ചൂണ്ടിക്കാട്ടി. ബിൽ തിരക്കിട്ട് അവതരിപ്പിച്ചുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിനും അവർ മറുപടി നൽകി. ഇന്ത്യൻ സ്ത്രീകൾക്ക് നീതി നൽകാൻ പ്രധാനമന്ത്രി മോദി തിരക്കുകൂട്ടുകയാണെന്നാണ് കങ്കണ പറഞ്ഞത്.

Related Articles

Back to top button