മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയല്ല…. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളെ തള്ളിക്കളഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും. ഇത്തരം ചർച്ചകൾ പൊതുജനമധ്യത്തിൽ വേണ്ടെന്നും അസമയത്തുള്ള അവകാശവാദങ്ങൾ ജനം നൽകിയ അംഗീകാരത്തിന്റെ ശോഭ കെടുത്തുമെന്നും മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകി.

കോൺഗ്രസിന് വ്യക്തമായ ഒരു ഭരണസംവിധാനമുണ്ട്. മേയ് നാലിന് ഫലം വന്ന ശേഷം എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കും. അതുവരെ പരസ്യ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം കെ.സി. വേണുഗോപാൽ പറഞ്ഞു. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പല പേരുകളും ഉയരുന്നത്. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിലാണ്, മാധ്യമങ്ങളിലല്ല. എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

സൈബർ പോരാളികളല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. തന്റെ നിലപാട് ഹൈക്കമാൻഡിനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട് ബെന്നി ബെഹനാൻ പറഞ്ഞു. നിലവിലെ ചർച്ചകൾ അനാവശ്യമാണ്. ആരുടെയും പക്ഷം പിടിക്കാനില്ലെന്നും ഫലം വരുന്നത് വരെ കാത്തിരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. മുസ്ലിം ലീഗും തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കുമെന്ന് വ്യക്തമാക്കിയതോടെ, കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് താല്ക്കാലികമായി കടിഞ്ഞാൺ വീണിരിക്കുകയാണ്.

Related Articles

Back to top button