തോട്ടപ്പള്ളി സ്പിൽവേ വിവാദം…. മാത്യു കുഴൽനാടനെതിരെ നിയമനടപടിക്കൊരുങ്ങി മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. അഴിമതി ആരോപണങ്ങൾ നേരിടുന്ന കുഴൽനാടനാണ് രാജിവയ്ക്കേണ്ടതെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിട്ട വ്യാജ ശബ്ദരേഖയാണിതെന്നും മന്ത്രി പറഞ്ഞു.
കരിമണൽ ലോബിക്ക് വേണ്ടിയാണ് സ്പിൽവേ തുറക്കാതിരുന്നതെന്നും ഇതിലൂടെ കോടികളുടെ അഴിമതി നടന്നുവെന്നും മന്ത്രി പറയുന്ന തരത്തിലുള്ള ശബ്ദരേഖയാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. എന്നാൽ ഇത് ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കുഴൽനാടനും ചേർന്ന് ചമച്ചതാണെന്ന് മന്ത്രി ആരോപിച്ചു. ആരോപണത്തിൽ പരാമർശിച്ച മേരിമാതാ കൺസ്ട്രക്ഷൻ കമ്പനി തോട്ടപ്പള്ളി സ്പിൽവേയുമായോ കരിമണൽ ഖനനവുമായോ തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. തങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ടെന്ന വാർത്തയും അടിസ്ഥാനരഹിതമാണെന്ന് കമ്പനി അറിയിച്ചു.
കേരളത്തിലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന ആരോപണത്തിൽ മാത്യു കുഴൽനാടൻ ഉറച്ചുനിൽക്കുന്നു. കരിമണൽ ഖനനത്തിനായി പ്രളയമുണ്ടാക്കിയെന്നും ഇതിൽ സിപിഐഎമ്മിനെ സഹായിക്കാൻ ബിജെപി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകരിൽ നിന്ന് മന്ത്രി ഉപദേശം തേടിയിട്ടുണ്ട്.



