‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’…. ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ്. വിഷയത്തിൽ നേരിട്ട് ഇടപെടാനില്ലെന്നും ആർക്കും പരസ്യ പിന്തുണ നൽകില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് ലീഗ് ഈ നിർണ്ണായക നിലപാട് വ്യക്തമാക്കിയത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് തർക്കം പരസ്യമായത്. പിന്നാലെ വി.ഡി. സതീശൻ അനുകൂലികളും കെ.സി അനുകൂലികളും ചേരിതിരിഞ്ഞ് പോര് തുടങ്ങി. സന്ദീപ് വാര്യർ, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ തുടങ്ങിയവർ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പരസ്യ പ്രതികരണങ്ങൾക്കെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അഭിപ്രായം പറയരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. കെ. മുരളീധരനും ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വരുന്നതിന് മുൻപേയുള്ള ഈ പടലപ്പിണക്കം യുഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.



