റാമിനെയും സംഗീതയെയും സംരക്ഷിക്കുന്നു…. പോലീസിനും മാനേജ്‌മെന്റിനുമെതിരെ നിതിന്റെ കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസിനും കോളജ് മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് കുടുംബം. കുറ്റാരോപിതരായ അധ്യാപകർക്ക് പോലീസും മാനേജ്‌മെന്റും സംരക്ഷണം നൽകുകയാണെന്നും അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും നിതിന്റെ സഹോദരി രാഖി ആരോപിച്ചു.
അധ്യാപകരായ റാമിനെയും സംഗീതയെയും ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്ക് ഉന്നതതല സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന് കുടുംബം സംശയിക്കുന്നു. ലോൺ ആപ്പ് ഭീഷണിയാണ് മരണകാരണമെന്ന പോലീസ് വാദം കുടുംബം തള്ളിക്കളഞ്ഞു. അത്തരമൊരു പ്രശ്നമുണ്ടെങ്കിൽ അധ്യാപകർ എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ലെന്ന് അവർ ചോദിക്കുന്നു.
നിതിൻ വീണുവെന്ന് പറയുന്ന സ്ഥലത്ത് രക്തക്കറയില്ലെന്നും മരണത്തെക്കുറിച്ച് ആദ്യം പറഞ്ഞ മൊഴികളിൽ മാറ്റമുണ്ടെന്നും സഹോദരി ആരോപിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകുന്നതിലും ദുരൂഹതയുണ്ട്. “പഠിച്ച് ഡോക്ടറാകണം, ആര് തളർത്തിയാലും ലക്ഷ്യം നേടും” എന്ന് നിതിൻ പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. ഡിപ്പാർട്ട്‌മെന്റിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടുന്നതായും നിതിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ആശ്വാസവാക്കുകൾ പോലും ഉണ്ടായിട്ടില്ലെന്നും നിതിനെ മനഃപൂർവ്വം ഇല്ലാതാക്കിയതാണെന്നും കുടുംബം ആവർത്തിച്ചു.



