സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാർഡിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിലെ കോഴികളും മറ്റ് വളർത്തുപക്ഷികളും അടിയന്തരമായി നശിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി.
വൈക്കം നഗരസഭയുൾപ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ താറാവ്, കോഴി തുടങ്ങിയ പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വിൽപ്പനയ്ക്കും മൂന്നു ദിവസത്തേക്ക് വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



