മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കാൻ കളക്ടർ നിർദ്ദേശം നൽകി; ഗുരുതര ആരോപണവുമായി യുഡിഎഫ്

മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കളക്ടര്‍ക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ചെയര്‍മാന്‍ കെ പി അബ്ദുള്‍ മജീദ് ആവശ്യപ്പെട്ടു. സ്‌ട്രോങ് റൂം തുറക്കാന്‍ ആരാണ് നിര്‍ദ്ദേശം കൊടുത്തതെന്ന് കളക്ടര്‍ വ്യക്തമാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. എന്നാല്‍ വോട്ട് ചെയ്യാത്ത യന്ത്രങ്ങള്‍ മാറ്റാന്‍ വേണ്ടിയാണ് സ്‌ട്രോങ്ങ് റൂം തുറന്നതെന്നാണ് വിശദീകരണം.

ആര്‍ഒമാര്‍ക്കാണ് സ്‌ട്രോങ്ങ് റൂം തുറക്കാന്‍ നിർദ്ദേശം നല്‍കിയത്. പിന്നീട് തുറക്കേണ്ടെന്ന് ഓര്‍ഡര്‍ ഇറക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും മജീദ് പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണോ എന്ന സംശയവും മജീദ് ഉയര്‍ത്തിയിട്ടുണ്ട്. ആര്‍ഒമാരുടെ ഒഫീഷ്യല്‍ വാട്‌സ്ആപ്പിലേക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം.

Related Articles

Back to top button