വാക്കുതർക്കത്തിൽ കൂട്ടുനിന്നില്ല…. സുഹൃത്തിന്റെ തലയ്ക്ക് വെട്ടി യുവാവ്… നേമം പ്രതിയെ അറസ്റ്റിൽ

തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തിനെ മർദ്ദിക്കുകയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് തിരുവനന്തപുരത്ത് പിടിയിലായി. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്തിനെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. തർക്കത്തിനിടെ സുഹൃത്ത് തന്റെ പക്ഷം ചേർന്ന് സംസാരിച്ചില്ല എന്ന വിരോധമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ രഞ്ജിത്തും സുഹൃത്തും ഒരുമിച്ച് പിക്കപ്പ് വാനിൽ സഞ്ചരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡിൽ വെച്ച് മറ്റൊരാളുമായി ഉണ്ടായ തർക്കത്തിൽ, സുഹൃത്ത് രഞ്ജിത്തിന് വേണ്ടി സംസാരിച്ചിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വണ്ടിയിലിരുന്ന് പ്രതി സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രഞ്ജിത്ത് സുഹൃത്തിന്റെ ചെവിക്ക് മുകളിലായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.



