പേരാമ്പ്രയിൽ വോട്ടർക്ക് നേരെ സിപിഎം നേതാവിന്റെ മർദ്ദനമെന്ന് പരാതി… വോട്ട് ചെയ്യാൻ വൃദ്ധയെ എത്തിച്ചതിനെച്ചൊല്ലി തർക്കം

കോഴിക്കോട്: പേരാമ്പ്രയിൽ വോട്ടറെ മർദ്ദിച്ചതായി പരാതി. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.സി. ബാലകൃഷ്ണനും സംഘവുമാണ് മർദ്ദിച്ചതെന്ന് യുഡിഎഫ് അനുഭാവിയായ ബെൻഷിറ പരാതിപ്പെട്ടു. കാരയാട് എൽപി സ്കൂളിലെ 194-ാം നമ്പർ ബൂത്തിലാണ് സംഭവം.
അയൽവാസിയായ പ്രായമുള്ള വയോധികയെ വോട്ട് ചെയ്യിക്കാനായി ബൂത്തിലെത്തിച്ചതായിരുന്നു ബെൻഷിറ. എന്നാൽ, വയോധിക തങ്ങളുടെ വോട്ടറാണെന്നും എന്തിനാണ് നിങ്ങൾ അവരെ കൂട്ടിക്കൊണ്ടു വന്നതെന്നും ചോദിച്ചായിരുന്നു ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചതെന്ന് ബെൻഷിറ ആരോപിക്കുന്നു. പോളിംഗ് പുരോഗമിക്കുന്നതിനിടെ ബൂത്തിന് പുറത്ത് നടന്ന ഈ സംഭവത്തെത്തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായി.
തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാരെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാൽ സംഭവത്തിൽ സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് ബെൻഷിറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കിയിട്ടുള്ള ബൂത്തിന് സമീപമാണ് ജനപ്രതിനിധി കൂടിയായ നേതാവിനെതിരെ മർദ്ദന പരാതി ഉയർന്നിരിക്കുന്നത്.



