‘മുല്ലപ്പൂവും തുളസിപ്പൂവും വെച്ച് നായന്മാരുടെ വീട്ടിൽ മാത്രം പോകും’…. സി.എസ്. സുജാതയ്ക്കെതിരെ അധിക്ഷേപവുമായി ജി. സുധാകരൻ

ആലപ്പുഴ: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരെ ജാതീയ അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂ എന്നും മുല്ലപ്പൂവും തുളസിപ്പൂവും വെച്ച് താൻ നായരാണെന്ന് കാണിച്ചാണ് വോട്ട് ചോദിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു. അമ്പലപ്പുഴയിൽ നായരുടെ വോട്ട് ഒന്നും അവർക്ക് കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അവരുടെ സ്ഥലം കായംകുളമാണ്, എന്നിട്ട് അമ്പലപ്പുഴയിൽ വന്നു നിൽക്കുന്നു. നായരാണെന്ന് മനസ്സിലാക്കാൻ പൂവൊക്കെ വെച്ചാണ് പോക്ക്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജാതികൾ തമ്മിൽ തെറ്റിക്കാൻ നടക്കുകയാണ്,” സുധാകരൻ ആരോപിച്ചു.

എസ്.എഫ്.ഐ ഗുണ്ടകളാണ് ഭുവനേശ്വരന്റെ മരണത്തിന് ഉത്തരവാദികൾ. ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിലേക്ക് വിട്ടത് സി.പി.ഐ.എമ്മുകാരാണെന്നും കൊല്ലാനുള്ള സാഹചര്യം ഒരുക്കിയത് എസ്.എഫ്.ഐ ആണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ‘നായർ ഗുണ്ടകൾ’ എന്നാണ് സുധാകരൻ ഈ വിഷയത്തിൽ പറഞ്ഞിരുന്നതെന്നത് ശ്രദ്ധേയമാണ്.

നവകേരളം ഉണ്ടായത് പിണറായി വിജയൻ വന്ന ശേഷമല്ല, 1956-ലാണ്. പഴയ കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇന്നത്തെ മണ്ടൻമാർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ അന്ന് തന്നെ പുറത്താക്കേണ്ടതായിരുന്നു. ചെങ്ങന്നൂരിലെ അഞ്ച് പഞ്ചായത്തുകൾ സജി ചെറിയാൻ ബിജെപിക്ക് വിട്ടുകൊടുത്തുവെന്നും ഗോപകുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത് സജി ചെറിയാൻ പറഞ്ഞിട്ടാണെന്നും സുധാകരൻ വെളിപ്പെടുത്തി.

Related Articles

Back to top button