ശതാബ്ദി ആഘോഷ നിറവിൽ സമസ്ത… പാടന്തറയിൽ 850 യുവതീയുവാക്കൾക്ക് മംഗല്യം…. കാരുണ്യസ്പർശമായി സമൂഹവിവാഹം

നീലഗിരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ പാടന്തറയിൽ വൻ സമൂഹവിവാഹം സംഘടിപ്പിച്ചു. നീലഗിരി ജില്ലയിലെ പാടന്തറയിൽ നടന്ന ചടങ്ങിൽ 850 യുവതീയുവാക്കളാണ് പുതുജീവിതത്തിലേക്ക് കടന്നത്. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമൂഹവിവാഹത്തിൽ പങ്കെടുത്ത വിവിധ മതവിഭാഗങ്ങളിൽപ്പെട്ട 34 പേരുടെ വിവാഹം പാടന്തറ മാരിയമ്മൻ കോവിലിൽ വെച്ച് നടന്നു. നവദമ്പതികൾക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും സംഘാടകർ സമ്മാനിച്ചു. നീലഗിരിയിലെ തോട്ടം തൊഴിലാളികൾക്ക് പുറമെ കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വധൂവരന്മാരും ചടങ്ങിൽ വിവാഹിതരായി. ബന്ധുക്കളും അതിഥികളുമായി ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ എല്ലാവർക്കും വിവാഹസദ്യയും ഒരുക്കിയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിവാഹം മുടങ്ങിപ്പോകുന്ന കുടുംബങ്ങളെ സഹായിക്കാൻ 2014-ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് കാന്തപുരം പറഞ്ഞു. ഇതുവരെ രണ്ടായിരത്തോളം പേർ ഈ പദ്ധതിയിലൂടെ വിവാഹിതരായിട്ടുണ്ട്. ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരെ ചടങ്ങിൽ ആദരിച്ചു. പാടന്തറ മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും ഇതോടൊപ്പം നടന്നു.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷനായ ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയ പ്രമുഖർ സംസാരിച്ചു. നീലഗിരി ജില്ലാ എസ്‌വൈഎസ് കമ്മിറ്റിയും പാടന്തറ മർകസുമാണ് സംഘാടനത്തിന് നേതൃത്വം നൽകിയത്.

Related Articles

Back to top button