രാജു എഡ്വേഡ് കൊലക്കേസ്: തെളിവെടുപ്പിനിടെ..

ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. ലേഖയ്ക്കെതിരെ അസഭ്യവർഷവും ചീമുട്ടയേറുമുണ്ടായി. പ്രതിഷേധം ശക്തമായതോടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ലേഖയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചത്. നാട്ടുകാർക്കിടയിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നടന്നുനീങ്ങിയത്.
ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരിച്ചത്. പുലർച്ചെ രാജുവിനെ ലേഖയും വീടിനടുത്ത് താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണെന്നാണ് ലേഖ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും രാജു മരിച്ചിരുന്നു. രാജുവിന്റെ കഴുത്തിൽ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. മരണത്തിൽ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.



