‘പിണറായിയുടേത് നരക കേരളം… ക്രിമിനലുകൾ വാഴുന്ന സർക്കാർ’…. രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ സർക്കാർ കേരളത്തെ ‘നരക കേരളമാക്കി’ മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ രാഷ്ട്രീയത്തിൽ വന്ന കാലത്ത് പിണറായി വിജയനെ ആർക്കും അറിയില്ലായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്ന തനിക്ക് തന്റെ സ്വാതന്ത്ര്യം പിണറായിയുടെ മുന്നിൽ പണയം വെക്കാൻ സൗകര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 64 എംപിമാരുണ്ടായിരുന്ന സിപിഐഎം ഇന്ന് ആറിലേക്ക് ചുരുങ്ങിയതിൽ പിണറായി വിജയന് വലിയ പങ്കുണ്ട്. പിണറായി പിബിയിൽ ഉറങ്ങുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രി സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു. സജി ചെറിയാന്റെ നാട് മണൽ മാഫിയയുടെ കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിൽ ജനിച്ച രണ്ട് സിപിഐഎം സ്ഥാനാർത്ഥികൾ ഇന്ന് എങ്ങനെ കോടീശ്വരന്മാരായി എന്ന് ജനങ്ങളോട് പറയണം. ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇതെന്നും കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായിയുടേതെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് പിന്തുണ താൻ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ ബിജെപി പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കും. വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും യുഡിഎഫിന്റെ ഒൻപത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും ജി. സുധാകരൻ ആഹ്വാനം ചെയ്തു.

Related Articles

Back to top button