ശബരിമല സ്വർണ്ണക്കൊള്ള…. സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല…. കൂടിക്കാഴ്ചയിൽ ദുരൂഹതയെന്ന് എം.എ ബേബി

മലപ്പുറം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേസിൽ സോണിയാ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും ചില ചിത്രങ്ങൾ മാത്രമാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതികൾ സോണിയാ ഗാന്ധിയെ സന്ദർശിച്ചതിൽ ദുരൂഹതയുണ്ടെന്ന് എം.എ ബേബി ആരോപിച്ചു. സാധാരണക്കാർക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ പ്രതികൾ ഒന്നിലധികം തവണ എത്തിയത് സംശയത്തിന് ഇടനൽകുന്നു. കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെങ്കിലും നിലവിൽ സോണിയാ ഗാന്ധിക്കെതിരെ നേരിട്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചുമതലയിൽ വീഴ്ച വരുത്തിയതിനാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് എം.എ ബേബി പറഞ്ഞു. “ചുമതലയിൽ വീഴ്ച വരുത്തിയത് മാത്രമാണോ അതോ മറ്റ് തെറ്റുകൾ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരണം. ആരെങ്കിലും തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവരെ ചെവിക്ക് പിടിച്ച് പുറത്താക്കാൻ പാർട്ടിക്ക് മടിയില്ല. മുൻപും അത്തരം കർശന നടപടികൾ സി.പി.ഐ.എം സ്വീകരിച്ചിട്ടുണ്ട്.”

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തുവരണമെന്നും കുറ്റവാളികൾ ആരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

Related Articles

Back to top button