‘കാപട്യമേ നിന്റെ പേരോ പിണറായി’… മുഖ്യമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ചു വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. “കാപട്യമേ നിന്റെ പേരോ പിണറായി” എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് കേരളമെന്ന് അദ്ദേഹം പരിഹസിച്ചു. എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളുമായുള്ള സിപിഐഎം ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്ഡിപിഐ ഒരു തീവ്രവാദ സംഘടനയാണെന്നാണ് സിപിഐഎം പാർട്ടി കോൺഗ്രസിൽ പറഞ്ഞിട്ടുള്ളതെന്ന് സതീശൻ ഓർമ്മിപ്പിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ ആ തീരുമാനങ്ങളെല്ലാം കാറ്റിൽ പറത്തി അവരുമായി കൂട്ടുചേരുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ബിജെപിയുടെയും സിപിഐഎമ്മിന്റെയും യഥാർത്ഥ മുഖം ഈ തിരഞ്ഞെടുപ്പോടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈസ്റ്ററിനും ക്രിസ്മസിനും കേക്കുമായി ക്രൈസ്തവ വീടുകളിൽ പോകുന്ന ബിജെപിയാണ് എഫ്സിആർഎ ഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളുടെ ആസ്തി തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ആരാധനാലയങ്ങൾ പോലും ഏറ്റെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഈ നീക്കം. എഫ്സിആർഎ ബില്ലിലെ വ്യവസ്ഥകൾ സുരേഷ് ഗോപി വായിച്ചുനോക്കണം. എപ്പോൾ വേണമെങ്കിലും ലൈസൻസ് റദ്ദാക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഈ നിയമമെന്നും സതീശൻ പറഞ്ഞു.
നിലവിൽ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് സർവ്വേകൾ ഭൂരിഭാഗവും പെയ്ഡ് സർവ്വേകളാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. “കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലുമൊക്കെ പരാജയപ്പെടുമെന്നാണ് സർവ്വേകൾ പറഞ്ഞത്. എന്നാൽ ജനവികാരം മറ്റൊന്നായിരുന്നു. ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരും.”
സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന ബദൽ പദ്ധതികളുമായാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സർക്കാരിനെതിരായ ജനരോഷം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’കാപട്യമേ നിന്റെ പേരോ പിണറായി’… മുഖ്യമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ചു വി.ഡി സതീശൻ



