അനൗൺസ്‌മെന്റ് വിവാദം…. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ…. തെളിവുകൾ നൽകാൻ തയ്യാറെന്നും പ്രതികരണം

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന അനൗൺസ്‌മെന്റ് വിവാദത്തിൽ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങളോട് കടുത്ത ഭാഷയിലായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം.

അനൗൺസ്‌മെന്റ് വിവാദം എൽഡിഎഫിന് മുന്നിലില്ലെന്നും അത്തരത്തിലൊരു വിവാദത്തിന്റെ ആവശ്യം പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഴിവിട്ട രീതിയിൽ യാതൊരു കാര്യവും എൽഡിഎഫ് അനൗൺസ് ചെയ്തിട്ടില്ല. വിവാദം ഉയർത്തിയവർ അതിന്റെ വസ്തുതകൾ പരിശോധിക്കട്ടെ. എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളുടെ റെക്കോർഡുകളും പെൻഡ്രൈവും നൽകാൻ തയ്യാറാണ്. സമാധാന അന്തരീക്ഷമുള്ള പേരാമ്പ്രയിൽ താൽക്കാലിക നേട്ടത്തിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല.

എന്തിനാണ് തങ്ങളുടെ മേൽ കുറ്റം ചാർത്താൻ ഇത്ര ധൃതി കാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരാതിയിൽ അന്വേഷണം വരട്ടെ, അതിനുശേഷം വിശദമായി പ്രതികരിക്കാം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ വികസന കാര്യങ്ങളും രാഷ്ട്രീയ നിലപാടുകളും ചർച്ച ചെയ്യുന്നതിന് പകരം അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു.

Related Articles

Back to top button