ലൈംഗികാതിക്രമക്കേസ്…രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയുടെ ICC അംഗം…

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം. എക്‌സ്റ്റേണല്‍ അംഗമായ അഡ്വ. മുഹമ്മദ് സിയാദ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. മറ്റൊരു അഭിഭാഷകയുടെ ഫോണ്‍ നമ്പറാണ് അഡ്വ. മുഹമ്മദ് സിയാദിന്റെ പേരില്‍ ഐസിസിയില്‍ നല്‍കിയിരിക്കുന്നത്.
ഐസിസിയില്‍ നിന്ന് ഇന്നലെ രാത്രി രാജിവെച്ചെന്നാണ് അഡ്വ. മുഹമ്മദ് സിയാദ് നല്‍കുന്ന വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രതികരണം. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.



