തൊഴിലാളിയുടെ മരണം…. ഗുരുതരമായ സുരക്ഷാവീഴ്ച…. എടയാറിലെ ഓയിൽ കമ്പനിക്ക് പൂട്ടുവീണു, ഫാക്ടറീസ് വകുപ്പിന്റെ കർശന നടപടി

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായ സി ജി ലൂബ്രിക്കന്റ്സ് കമ്പനിക്ക് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് നിരോധന ഉത്തരവ് നൽകി. പ്രവർത്തനത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചകളും അനാസ്ഥയും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി പൊള്ളലേറ്റ് മരിച്ചിരുന്നു.

കമ്പനിയിലെ ബോയിലറിലുണ്ടായ ചോർച്ചയാണ് വൻ തീപിടിത്തത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നിർദ്ദേശപ്രകാരം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ പുറത്തുവന്നത്. ആറ് മാസം മുമ്പ് വകുപ്പ് നടത്തിയ പരിശോധനയിൽ ബോയിലറിന്റെ കോയിൽ പരിശോധന ഉൾപ്പെടെ 14 നിർദ്ദേശങ്ങൾ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഇവയൊന്നും പാലിക്കാതെയാണ് കമ്പനി പ്രവർത്തനം തുടർന്നതെന്ന് അധികൃതർ കണ്ടെത്തി. ഈ നിയമലംഘനമാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് വകുപ്പ് വിലയിരുത്തി.

നിലവിൽ തീപിടിത്തത്തിൽ തകർന്ന കമ്പനിയുടെ പ്രവർത്തനം പൂർണ്ണമായും നിരോധിച്ചു. പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് ശേഷം വിവിധ വകുപ്പുകളുടെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമായാൽ മാത്രമേ ഇനി പ്രവർത്തനം അനുവദിക്കൂ എന്ന് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് അറിയിച്ചു. വ്യവസായ മേഖലയിലെ മറ്റ് കമ്പനികളിലും സുരക്ഷാ പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ സമാനമായ നടപടികൾ സ്വീകരിക്കാനാണ് നീക്കം.

Related Articles

Back to top button