എനിക്കെതിരെ 36 കേസുകൾ… പിണറായിക്കെതിരെ ഒന്നുമില്ല…. എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിൽ… രാഹുൽ ഗാന്ധി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള സംയുക്ത മുന്നണിയുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കേരളത്തിൽ യുഡിഎഫ് വരണമെന്ന് ആഗ്രഹമില്ല. നമുക്ക് ബിജെപിയോടും ആർഎസ്എസിനോടും അടിസ്ഥാനപരാമയ അഭിപ്രായ വ്യത്യാസമുണ്ട്. ദേശീയതലത്തിൽ എൽഡിഎഫിന് ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ലെന്നും അവർക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘‘എനിക്കെതിരെ 36 കേസുകളുണ്ട്. ബിജെപി എന്നെ ആക്രമിക്കുകയാണ് 55 മണിക്കൂർ ഇടതടവില്ലാതെ എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കെതിരെ ബിജെപിയുടെ ഒരു ആക്രമണവും നടക്കുന്നില്ല. എൽഡിഎഫ് നേതൃത്വം അഴിമതിക്കാരാണ്. എൽഡിഎഫ് സർക്കാർ ബിജെപി നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി എവിടെ പോയാലും മതത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറയും. പക്ഷേ ഇന്നലെ കേരളത്തിൽ വന്നപ്പോൾ ശബരിമലയെപ്പറ്റി അദ്ദേഹം മറന്നുപോയി. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ അയ്യപ്പന്റെ സ്വർണം കവർന്നത്. സിപിഎമ്മിനെ രക്ഷിക്കാൻ ശബരിമലക്കൊള്ള പ്രധാനമന്ത്രി മറച്ചുവയ്ക്കുകയാണ്’’ – രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് രാഹുൽ ഗാന്ധി പത്തനംതിട്ടയിലെത്തിയത്. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു. തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽ നിന്നു കോട്ടയത്തേക്ക് പോകും. വൈകിട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംക്ഷൻ എന്നിവിടങ്ങളിൽ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.
നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന രാഹുൽ അവിടെ നിന്ന് ഹെലികോപ്റ്ററിൽ കലക്ടറേറ്റ് മൈതാനിയിലെത്തും. രാവിലെ 10ന് പൊലീസ് മൈതാനിയിൽ നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും. ജില്ലയിലെ 11 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുൽ കോഴിക്കോട്ടേക്കു പോകും.



