തവനൂരിന് പിന്നാലെ താനൂരിലും ‘ലീഡ് ഓഫർ’…. ഏറ്റവും കൂടുതൽ ലീഡ് നൽകുന്നവർക്ക് 25,000 രൂപ… താനൂരിൽ പി.കെ. നവാസിനായി മുത്തുക്കോയ തങ്ങളുടെ വാഗ്ദാനം

മലപ്പുറം: തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്തതിന് പിന്നാലെ താനൂരിലും പ്രവർത്തകർക്ക് വൻ തുക വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റികൾക്കാണ് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ വാഗ്ദാനം പുറത്തുവരുന്നത്.
മുസ്ലിം ലീഗ് നേതാവ് കെ.എൻ. മുത്തുക്കോയ തങ്ങളാണ് താനൂരിൽ പാരിതോഷികം പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടുന്ന ബൂത്ത് കമ്മിറ്റിക്ക് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണ് വാഗ്ദാനം. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഈ തുക നൽകുക. ഇത് വോട്ടർമാർക്കുള്ള വാഗ്ദാനമല്ലെന്നും പാർട്ടി പ്രവർത്തകർക്ക് ആവേശം പകരാനുള്ള പ്രോത്സാഹനം മാത്രമാണെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. സംഘടനയ്ക്കുള്ളിൽ സംസാരിച്ച കാര്യമാണിതെന്നും ഇതിൽ നിയമപ്രശ്നങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സമാനമായ രീതിയിൽ തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ ഭൂരിപക്ഷം നൽകുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്രയായിരുന്നു ഓഫർ. തവനൂരിൽ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ താനൂരിലെ പ്രഖ്യാപനത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടാൻ സാധ്യതയുണ്ട്. സ്ഥാനാർത്ഥിക്കോ യുഡിഎഫിനോ ഇതിൽ ഉത്തരവാദിത്തമില്ലെന്നാണ് നേതാക്കളുടെ നിലപാട്.



