കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആളുകളെ തേടി പരസ്യം വന്നതായി ആക്ഷേപം…

തിരുവനന്തപുരത്ത് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ആപ്പിലാണ് മെസേജ് എത്തിയത് എന്നാണ് വിവരം. വൈകീട്ട് വട്ടിയൂർക്കാവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 20 പേരെ ആവശ്യപ്പെട്ട് കൊണ്ടുള്ള പരസ്യം ആപ്പിൽ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 511 രൂപയും ഭക്ഷണവും വാഗ്ദാനം ചെയ്തുള്ള പരസ്യമാണ് വന്നത്.
സംഭവം വിവാദമായതിന് പിന്നാലെ ഈ പരസ്യം നീക്കം ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അവിദഗ്ധ മേഖലയിലുള്ള തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ‘hirearn’ എന്ന ആപ്ലിക്കേഷൻ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ആ ആപ്പിന് കീഴിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ട്. ആ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇന്നലെ രാത്രി 12മണിയോടെ കോൺഗ്രസിന്റെ റാലിയിലേക്ക് ആളെ തേടിയുള്ള പരസ്യം വന്നത് എന്നാണ് ആക്ഷേപം. ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് ആളെ തേടിയാണ് പരസ്യം. കോൺഗ്രസ് റാലിയാണ് എന്ന് സന്ദേശത്തിൽ കൃത്യമായി പറയുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.



