സുരക്ഷാ നിർദ്ദേശം അവഗണിച്ചു…. നൂറടി ആഴത്തിലേക്ക് ചാടി…. തെന്മലയിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

കൊല്ലം തെന്മല പരപ്പാർ ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്‌നാട് വിരുദനഗർ സ്വദേശിയും റെയിൽവേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശനമായ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയത്.
റിസർവോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്ന് മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നിൽ ജീപ്പ് സവാരിക്കെത്തിയ സംഘം റിസർവോയറിലെ കാഴ്ചകൾ കാണുന്നതിനിടയിൽ തവമണിയും മറ്റൊരാളും വെള്ളത്തിലിറങ്ങാൻ ശ്രമിച്ചു. നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാൽ വെള്ളത്തിലിറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടും ഇത് വകവെക്കാതെ ഇരുവരും വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
ഇവർ അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളത്തിൽ ചാടി രണ്ടുപേരെയും കരയ്ക്കെത്തിച്ചു. കൂടെയുണ്ടായിരുന്ന ആളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവൻ രക്ഷിക്കാനായില്ല. തവമണിയുടെ മൃതദേഹം തെന്മല സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



