‘ചോദിക്കാൻ എസ്ഡിപിഐക്കാരോട് പോയി പറ’…. മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി…. കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമർശനം

കോഴിക്കോട്: എൽഡിഎഫ്-എസ്ഡിപിഐ ഡീൽ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. വർഗീയ പ്രസ്ഥാനങ്ങളുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സി.പി.ഐ.എമ്മിനുള്ളതെന്നും മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐ വോട്ടുകളെച്ചൊല്ലി പാർട്ടി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. “എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ പോയി ചോദിക്കണം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫിനെപ്പോലെ വർഗീയ ശക്തികളോട് കൂട്ടുകൂടാൻ സി.പി.ഐ.എമ്മിനെ കിട്ടില്ലെന്നും കോൺഗ്രസിനെ പവിത്രമാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, താൻ ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ലെന്നും തന്റെ ശൈലി മാധ്യമങ്ങൾ വിലയിരുത്തിയാൽ മതിയെന്നും വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഹരിയാനയിൽ ഉയർന്ന സ്ഥാനാർത്ഥിത്വ കോഴ ആരോപണം ഉന്നയിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. കോൺഗ്രസിന്റെ നിർണായക തീരുമാനങ്ങൾ എടുക്കുന്ന നേതാവിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും നേതൃത്വം മൗനം പാലിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ എന്താണ് തടസ്സമെന്നും പാർട്ടി ആഭ്യന്തര അന്വേഷണം പോലും നടത്താത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.



