വേനൽചൂടിൽ കുളിരേകാൻ മഴയെത്തുന്നു…. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ കടുത്ത വേനൽചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസവാർത്ത. സംസ്ഥാനത്ത് ഇന്നു മുതൽ ഏപ്രിൽ ഒന്നു വരെ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കുന്നതോടെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. എന്നിവയാണ് നിർദേശങ്ങൾ.



