ഭീതി വേണ്ട… ലോക്ഡൗൺ ആലോചനയിലില്ല… രാജ്യം അടച്ചിടില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കേന്ദ്രസർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ‘എനർജി ലോക്ഡൗൺ’ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഈ വിശദീകരണം.
പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്. പ്രതിസന്ധി ഘട്ടത്തിൽ ലോക്ഡൗൺ കാലത്തെപ്പോലെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് മറ്റൊരു ലോക്ഡൗണിലേക്കുള്ള സൂചനയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുകയായിരുന്നു. രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ നിലവിൽ യാതൊരു ആലോചനയുമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വ്യക്തമാക്കി. പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വ്യാജ വാർത്തകൾ വിശ്വസിച്ച് ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. അവശ്യവസ്തുക്കളുടെ ലഭ്യതയിൽ നിലവിൽ തടസ്സങ്ങളില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന ആഗോള പ്രത്യാഘാതങ്ങളെ നേരിടാൻ രാജ്യം സജ്ജമാണെന്നും എന്നാൽ അത് ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും കേന്ദ്രം അറിയിച്ചു.



