ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കി; ഡോക്ടർ അറസ്റ്റിൽ

ചികിത്സതേടിയെത്തിയ യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഡോക്ടർ സഈദ് ഖാൻ (ഷാഹിദ്) ആണ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാട്ടുകാർ ഇയാളുടെ വീടിന് തീയിടുകയും ചെയ്തു.
മൂന്നു മാസം മുൻപാണ് സംഭവങ്ങളുടെ തുടക്കം. വയറുവേദനയെത്തുടർന്ന് സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയ യുവതിയാണ് പീഡനത്തിനിരയായത്. ഇൻജക്ഷൻ നൽകിയ ഇയാൾ തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ ഉപദ്രവിച്ചതായും കൂടാതെ പത്താൽപാനിയിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 എന്നീ വകുപ്പുകൾ പ്രകാരമാണ് സഈദ് ഖാനെതിരെ കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു സംഘം ആളുകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി അടിച്ചുതകർക്കുകയും വീടിന്റെ വാതിലും ബൈക്കും കത്തിക്കുകയും ചെയ്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉമാകാന്ത് ചൗധരി പറഞ്ഞു. സഈദ് ഖാന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമവിരുദ്ധമായാണ് ഇയാൾ ക്ലിനിക്ക് നടത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെ ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത ഡിഗ്രിയോ റജിസ്ട്രേഷനോ ഇല്ലാതെയാണ് ഇയാൾ ചികിത്സ നൽകിയിരുന്നത്. ക്ലിനിക്കിനോട് ചേർന്ന് ചെറിയ ആശുപത്രി പ്രവർത്തിച്ചിരുന്നതായും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രാകേഷ് പാർമർ പറഞ്ഞു. അനുമതിയില്ലാതെ ഇയാൾ മരുന്നുകൾ ശേഖരിച്ചതായും കണ്ടെത്തി. ഗുരുതരമായ ക്രമക്കേടുകളെത്തുടർന്ന് സഈദ് ഖാന്റെ ക്ലിനിക്ക് സീൽ ചെയ്യുകയും പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.



