നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറക്കം.. കോവളത്ത് വെച്ച് ബൈക്ക് മോഷണക്കേസ് പ്രതി കുടുങ്ങി…

തിരുവനന്തപുരം: മെഡിക്കൽ കോളെജ് പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല പളുകൽ സ്വദേശി രാമുൽ (26) ആണ് മെഡിക്കൽ കോളെജ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 17-ന് പുലർച്ചെയാണ് മോഷണം നടന്നത്. മെഡിക്കൽ കോളെജിന് മുൻവശം പാർക്ക് ചെയ്തിരുന്ന മുഹമ്മദ് റിസാന്റെ ബൈക്കാണ് രാഹുൽ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
കോവളം ഭാഗത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രാഹുലിനെ കണ്ട പോലീസ് സംശയം തോന്നി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനം മെഡിക്കൽ കോളെജ് പരിസരത്തുനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായത്. പിന്നാലെ മെഡിക്കൽ കോളെജ് പൊലീസിന് ഇയാളെ കൈമാറുകയായിരുന്നു. മോഷണം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



