യുഡിഎഫ് കളിക്കുന്നത് വർഗീയ കാർഡ്…. എൽഡിഎഫ് സെഞ്ച്വറി കടക്കുമെന്ന് എം. വി ഗോവിന്ദൻ

കണ്ണൂർ: എൽഡിഎഫ് വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങൾ അത്തരത്തിലൊരു ജനവിധി എഴുതും എന്നും യുഡിഎഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണവർ. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കൈകൊള്ളുകയാണെന്നും 110 സീറ്റ് ആണ് എൽഡിഎഫ് നേടുക എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. അഞ്ചരലക്ഷം മെമ്പർമാരും അതിനേക്കാളേറെ അനുഭാവികളുമുള്ള പാർട്ടിയാണ് സിപിഐഎം. അതിൽ നിന്ന് അഞ്ചോ ആറോ പേർ തെറ്റായ പ്രവണത മൂലം പുറത്തുപോയാൽ, അവരാണോ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഗോവിന്ദൻ ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു. നൊബേൽ സമ്മാനം കിട്ടാനായി നുണപറയുന്ന ആളാണ് സതീശൻ എന്നും എട്ടും ഒമ്പതും നുണയാണ് ഓരോ ദിവസവും പറയുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. അതിനൊന്നും മറുപടി നൽകേണ്ട കാര്യമില്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സഹയാത്രികരെ എല്ലാം ഞങ്ങൾ ചേർത്തുനിർത്തുന്നുണ്ട് എന്നും ഗോവിന്ദൻ പറഞ്ഞു. കാരാട്ട് റസാഖ് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടാകും പാർട്ടിയിൽ നിന്നിട്ടുണ്ടാകുക. എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച പല ആളുകളും പാർട്ടിയിൽ ഉണ്ട്. അവരെ പരമാവധി പാർട്ടിക്കകത്ത് നിർത്താനാണ് നോക്കുക. ഗത്യന്തരമില്ലെങ്കിൽ ഒഴിവാക്കും. അതാണ് പി കെ ശശിയുടെയും സുധാകരന്റെയുമെല്ലാം കാര്യത്തിൽ ഉണ്ടായത് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button