വിരമിക്കലിന് 10 ദിവസം മാത്രം; ജീവനൊടുക്കി സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥൻ

വിരമിക്കലിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ ജീവനൊടുക്കി സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥൻ. കർണാടകയിലെ തുമകുരു ജില്ലയിലെ പാവഗഡയിലാണ് സംഭവം. സാമൂഹികക്ഷേമ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ മല്ലികാർജുൻ ആണ് തൂങ്ങിമരിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ സഹപ്രവർത്തകർക്ക് അയച്ച വിഡിയോയിൽ, വകുപ്പിലെ ജില്ലാ ഡയറക്ടറായ കൃഷ്ണപ്പയുടെ പീഡനം മൂലമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാവഗഡ താലൂക്കിലെ ഗുണ്ടർലഹള്ളി സ്വദേശിയാണ് മല്ലികാർജുൻ.
തന്റെ കുടുംബം തന്നെ നന്നായി നോക്കിയെന്നും എന്നാൽ തനിക്ക് അവരെ സഹായിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വിഡിയോയിൽ മല്ലികാർജുൻ പറയുന്നു. ‘‘സാമൂഹികക്ഷേമ വകുപ്പിലെ കൃഷ്ണപ്പയുടെ പീഡനം കാരണമാണ് ഞാൻ മരിക്കുന്നത്. ദൈവം അയാളെ ശിക്ഷിക്കും. അയാളുടെ കുടുംബം തെറ്റുകാരല്ലാത്തതിനാൽ എന്റെ കുടുംബാംഗങ്ങൾ അവരോട് പ്രതികാരം ചെയ്യരുത്. ദൈവവും നിയമവും അയാളെ ശിക്ഷിക്കട്ടെ’’ – മല്ലികാർജുൻ വിഡിയോയിൽ പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ കൃഷ്ണപ്പ നിഷേധിച്ചു. ബെംഗളൂരുവിലെ സാമൂഹികക്ഷേമ വകുപ്പ് ആസ്ഥാനത്ത് നിന്ന് ലഭിച്ച ക്രമക്കേട് പരാതിയുടെ അടിസ്ഥാനത്തിൽ മല്ലികാർജുനു നോട്ടിസ് നൽകിയിരുന്നതായും ഇതിൽ അന്വേഷണം നടക്കാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മല്ലികാർജുന്റെ വിരമിക്കലിനു പത്തുദിവസം മാത്രം ബാക്കിനിൽക്കെ അദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങളെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും താൻ പെൻഷൻ ശുപാർശ പരിശോധിച്ചു നൽകിയിരുന്നതായും കൃഷ്ണപ്പ വ്യക്തമാക്കി. മരണം സംശയാസ്പദമാണെന്നും സത്യം പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവഗഡ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



