പന്തളം കൊട്ടാരം ഭാരവാഹികളെ കണ്ട് ബിനോയ് വിശ്വവും സിപിഐ നേതാക്കളും

പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊട്ടാരത്തിൽ എത്തിയത്. ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും അടൂരിലെ സ്ഥാനാർഥി പ്രിജി കണ്ണനും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തിന് പിന്നാലെയാണ് സന്ദർശനം
ശബരിമല യുവതി പ്രവേശനത്തിൽ ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദം. യുവതി പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം. സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലക്കേസിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോക്കം പോകുകയാണ് ഇടതു സർക്കാർ ചെയ്തത്



