ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.
കെ.എം.എസ്.സി.എൽ വഴി വാങ്ങിയ മരുന്നുകൾ പൂർണമായും ജില്ലാ സ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ കൂടി പൂർണതോതിൽ എത്താനുള്ളത് ഉടൻ ലഭ്യമാകും, അതുവരെ ലോക്കൽ പർച്ചേസിലൂടെ ഇവ ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ നടപടി സ്വീകരിച്ചതായും യോഗത്തെ അറിയിച്ചു. നിലവിൽ ഫാക്ടർ 9 കുറവുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ ആവശ്യാനുസരണം എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കാനും ദൗർലഭ്യം ഒഴിവാക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കാനും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.



