കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്..

തിരുവനന്തപുരം: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്.
കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100% വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.
കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021ൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായിരുന്നു. ബംഗാളിൽ എട്ടുഘട്ടവും അസമിൽ മൂന്നു ഘട്ടവും.
കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. സിപിഎമ്മും കോൺഗ്രസും സിപിഐയും ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി നാളെയോ മറ്റന്നാളോ പട്ടിക പ്രഖ്യാപിക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷനൽ സിഇഒ പി.ബി. നൂഹ് പറഞ്ഞു.
ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.



