പശ്ചിമേഷ്യൻ സംഘർഷം… ഷാർജയിലേക്കും അബുദാബിയിലേക്കും ഉള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തിവെച്ചു…

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള മാർച്ച് 15 ലെ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. യുഎഇ വിമാനത്താവള അധികൃതരുടെ നിർദ്ദേശങ്ങളെ തുടർന്ന് റദ്ദാക്കൽ. അബുദാബി, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
എയർലൈൻസിന്റെ കണക്കനുസരിച്ച് ഡൽഹിക്കും ദുബായിക്കും ഇടയിലുള്ള ഒരു റിട്ടേൺ ഫ്ലൈറ്റ് മാത്രമേ എയർ ഇന്ത്യ ഇന്ന് സർവീസ് നടത്തുകയുള്ളൂ. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ വേറെ ഒരു ദിവസത്തേക്ക് റീബുക്ക് ചെയ്യാം അല്ലെങ്കിൽ പൂർണ്ണമായി റീഫണ്ട് ലഭിക്കുകയും ചെയ്യും.
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി യാത്ര അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. അബുദാബി, ദുബായ്, റാസൽ ഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് പരിമിതമായ വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂ. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ അവരവരുടെ എയർലൈനുകളുടെ പേജുകൾ പരിശോധിക്കാനും എംബസി നിർദ്ദേശിച്ചു. യുഎഇയിലെ സിവിൽ ഏവിയേഷൻ അതോറിറ്റികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു.



