നിയമ നടപടിക്ക് രശ്‍മിക മന്ദാന

തെലുങ്ക് താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം ഫെബ്രുവരി 26 നാണ് നടന്നത്. പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ, വൻ ആരാധകവൃന്ദമുള്ള താരങ്ങളായതിനാൽ ഇവരുടെ വിവാഹം വലിയ വാർത്താപ്രാധാന്യവും സോഷ്യൽ മീഡിയ ട്രാക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഉണ്ടായ ഒരു വ്യാജ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. രശ്മികയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ് എന്ന തരത്തിൽ ചില സ്വകാര്യ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നിയമ നടപടിയടക്കം സൂചിപ്പിച്ചുകൊണ്ട് രശ്മികയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
കന്നഡ താരം രക്ഷിത് ഷെട്ടിയുമായി 2017 ൽ നടന്ന രശ്മികയുടെ വിവാഹ നിശ്ചയത്തെക്കുറിച്ചും 2018 ൽ നടന്ന ബ്രേക്ക് അപ്പിനെക്കുറിച്ചുമുള്ള രശ്മികയുടെ അമ്മയുടെ സ്വകാര്യ സംഭാഷണം എന്ന രീതിയിലായിരുന്നു ഓഡിയോ പ്രചരിച്ചത്. രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ രശ്മികയുടെ അമ്മ സുമൻ മന്ദാന ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുന്നു. ഇതിൽ നിന്ന് എടുത്ത ഓഡിയോ ആണ് പുതിയ സ്വകാര്യ സംഭാഷണം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കഴിഞ്ഞ എട്ട് വർഷങ്ങളായി തനിക്കെതിരെ തെറ്റായ പ്രചരണങ്ങളും സോഷ്യൽ മീഡിയ ആക്രമണങ്ങളും നടക്കുകയാണെന്നും ഇനി ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.



