അത് വെറും ചീപ്പാണ്’; ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കുഞ്ഞാലിക്കുട്ടി

പ്രധാനമന്ത്രിയുടെ ദേശീയ പാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മന്ത്രി മുഹമ്മദ് റിയാസിനെ നിര്‍ബന്ധമായും വിളിക്കേണ്ടതായിരുന്നുവെന്നും വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതൊക്കെ വെറും ചീപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതിന് ഉപയോഗിക്കാവുന്നൊരു പദം ചീപ്പാണെന്നതാണ്. വിളിക്കേണ്ടത് മര്യാദയായിരുന്നു, അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കൂടി വിളിക്കേണ്ടതായിരുന്നുവെന്നും യുഡിഎഫ് കാലത്തെ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൊക്കെ അങ്ങനെയായായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ഇന്ന് കൊച്ചിയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. സംസ്ഥാനത്തെ ദേശീയ പാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. 5500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മന്ത്രിയെ ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം ബി രാജേഷും അടക്കമുള്ള മറ്റ് മന്ത്രിമാരും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.



