ആക്രമണം മദ്യലഹരിയിൽ; കോഴിക്കോട് സെന്റ് പാട്രിക്സ് പള്ളിയിൽ തീയിട്ടയാൾ പിടിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അടുത്തുള്ള സെന്റ് പാട്രിക്സ് പള്ളിയുടെ സമീപത്തെ കെട്ടിടത്തിൽ തീയിട്ടയാൾ പിടിയിൽ. ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിവക കെട്ടിടത്തിൽ തന്നെയാണ് തീപിടിത്തം ഉണ്ടായത്. മതബോധന ക്ലാസുകൾ നടക്കുന്ന കെട്ടിടമാണ് തീപിടിത്തത്തെ തുടർന്ന് കത്തിനശിച്ചത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 4.45 ന് ആണ് പള്ളിക്ക് തീയിട്ടത്. തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിയമർന്നു.
പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തി നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലമാണ് പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്.
അതേസമയം കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത കാറിനും ഭാഗികമായി തീപിടിച്ചു. പള്ളി വികാരിയുടെ കാറിനാണ് തീപിടിച്ചത്. കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിനിടെ ഒരാൾ മുകളിലൂടെ കടന്നു പോകുന്നതും തുടർന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതുമാണ് പള്ളിക്കടുത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാണാനായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.



