മുഖ്യമന്ത്രി കസേര ബിജെപിക്ക് കൈമാറി നിതീഷ് കുമാർ രാജ്യസഭയിലേക്ക്?

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ പദവി ഒഴിഞ്ഞേക്കുമെന്നും പകരം ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നുമാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകുന്ന നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഈ പുതിയ അധികാര കൈമാറ്റ ഫോർമുല പ്രകാരം, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി എത്തിയേക്കും. ജെഡിയു-ബിജെപി സഖ്യത്തിലെ പുതിയ ധാരണയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരം.

രാജ്യസഭയിലേക്കുള്ള ഒഴിവുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതുവരെ വാർത്തകളിൽ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ജെഡിയു മുതിർന്ന ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞിരുന്നു. പാർട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.

Related Articles

Back to top button